സംസ്ഥാനത്തെ അപ്രഖ്യാപിത പവർകട്ടിനിനെതിരെ പ്രതിഷേധവുമായി ഡബ്ബിംഗ്ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.
മുൻകൂട്ടി മുന്നറിയിപ്പൊന്നുമില്ലാതെ രാത്രി പത്തു മണിക്കും പന്ത്രണ്ടു മണിക്കും കറന്റ് കട്ട് ചെയ്യുന്നത് പതിവായിരിക്കുകയാണെന്നും മന്ത്രിമാർക്ക് ജനറേറ്ററും ഇൻവേർട്ടറും ഉള്ളതുകൊണ്ട് ഒന്നും അറിയണ്ടേന്നും ഭാഗ്യലക്ഷ്മി പറയുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചും കറന്റ് ചാർജ് വർധനവിനെക്കുറിച്ചും വി.ഡി. സതീശൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ പങ്കുവച്ച് "ഇപ്പോൾ കറണ്ട് എവിടെ?" എന്നു ചോദിക്കുന്ന വിഡിയോയും ഭാഗ്യലക്ഷ്മി പങ്കുവച്ചിട്ടുണ്ട്.
ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സർക്കാരിന്റെ പുതിയ പദ്ധതികളെ കളിയാക്കിക്കൊണ്ട് "എല്ലാ മലയാളികൾക്കും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ഇന്ദിരാ പവർകട്ട് ആശംസകൾ" എന്ന പോസ്റ്ററും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
‘ഇരുട്ടിൽ കൊളുത്തിവച്ച മണിവിളക്കായിരുന്നു’ എന്ന ഗാനത്തോടൊപ്പം ‘മന്ത്രിമാർക്ക് ജനറേറ്ററും ഇൻവെർട്ടറും ഉള്ളതുകൊണ്ട് ജനങ്ങളുടെ വിഷമങ്ങൾ ഒന്നുമറിയേണ്ടല്ലോ’ എന്നും അവർ കുറിച്ചു.